നൊമ്പരം

കനവുകളും നിനവുകളും പൊഴിയുന്ന ജീവിത വീഥിയിലൂടെ...

03 May, 2008

നീ മാത്രം...

നീയെന്റെ പുണ്യം തന്നെയാണ്...

ഇത്രയേറെ വര്‍ഷങ്ങള്‍ക്കുശേഷം നിന്നെ ഇവിടെ ഈ മരുഭൂമിയില്‍ വച്ചു കാണുമെന്ന് ഒരിക്കല്‍‌പോലും വിചാരിച്ചിട്ടില്ല... ഫോണിലൂടെ എന്നെ തേടിയെത്തിയ ആ ശബ്ദം എനിക്കിത്രമേല്‍ പ്രിയമുള്ളതാകുമെന്നും കരുതിയിരുന്നില്ല... ഓരോ സമാഗമങ്ങളും എന്നെ നിന്നിലേക്ക് ഒരുപാട് അടുപ്പിക്കുന്നു...

നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാന്‍ ഒരുങ്ങുന്നതും ഒടുക്കം പിണക്കം നടിക്കുന്നതുമൊക്കെ നീ വെറുതെയെങ്കിലും എന്നെ നുള്ളി നോവിച്ചെങ്കില്‍... എന്റെ കവിളിലെങ്കിലും നീ പതിയെ നുള്ളിനോവിച്ചെങ്കില്‍...

ഒരുപാട് വിലക്കുകള്‍ക്കും വിലങ്ങുകള്‍ക്കുമിടയിലും നമ്മളൊരുപാട് അടുക്കുന്നു... ഒരുപാട് സ്നേഹിക്കുന്നു... ജീവിക്കുന്നു...

ഞാന്‍ കാത്തിരുന്നത് നിന്നെ തന്നെയാണ്... എന്റെ തെറ്റുകളും കുറ്റങ്ങളും പൊറുക്കാനും, സഹിക്കാനുമൊക്കെ സന്‍‌മനസ്സുള്ള നിന്നെ... ഞാന്‍ എങ്ങിനെയാണൊ അങ്ങിനെ എന്നെ സ്നേഹിക്കാന്‍ കഴിയുന്ന നിന്നെ...

ഈ ലോകത്തിന്റെ കളങ്കം കണ്ടു മരവിച്ച മനസ്സില്‍ നീ തിമിര്‍ത്തു പെയ്യുകയാണ്... വേഗമേറിയ ഈ ലോകത്തില്‍ നിശ്‌ചലമായ എന്റെ പാദങ്ങള്‍ക്ക് നീ ചലനം നല്‍കി... നിന്റെ ഒരോ ശ്വാസവും എനിക്ക് ആശ്വാസമാകുന്നു...

ജീവിതത്തിലെ ഒരു ചോദ്യത്തിനു മുന്നിലും നീ പതറാതിരിക്കട്ടെ... നിനക്ക് ഉത്തരമില്ലാതാകുമ്പോള്‍ തളരുന്നത് ഞാനാണെന്ന് നീ അറിയുക... നീയില്ലാതെനിക്കു ജീവനില്ലെന്നും അറിയുക...

നീ മാത്രമാണ് സത്യം... നീ മാത്രം....

30 May, 2007

ഓര്‍മ്മയില്‍ പൊഴിയുന്ന ഇലകള്‍...


വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍... പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും, വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ?

ഓരോ ശിശിരത്തിലും മരങ്ങള്‍ ഇലകള്‍ പൊഴിച്ചുതുടങ്ങും. വൈകിയാണെങ്കിലും എല്ലാ ഇലകളും പൊഴിയും. ഒടുവില്‍ ഒരു ശീതകാലമത്രയും തനിച്ചാവുന്ന മരം... തണുപ്പില്‍ ആശ്രയമാവേണ്ടിയിരുന്ന ഇലകളൊക്കെയും പൊഴിഞ്ഞുപോവുന്നതെന്തെ? അത്യാവശ്യ ഘട്ടത്തില്‍ തിരിഞ്ഞുനോക്കുംബോള്‍ കൂട്ടുകാരും മറഞ്ഞുപോവുന്നതെന്തെ?

ഇതാണ് ജീവിതം... ഇലകള്‍ തളിര്‍ക്കുകയും പൊഴിയുകയും ചെയ്യും‌പോലെ സുഹൃത്തുക്കളും വന്നും പോയും ഇരിക്കും... അതുകൊണ്ടുതന്നെ എനിക്കിഷ്‌ടം ആ പഴയ തോഴരെയാണ്. ഇണക്കങ്ങളും, പിണക്കങ്ങളും പൊട്ടിച്ചിരികളും സമ്മാനിച്ചവരെ... ജീവിതത്തിലെ ഓരോ നിമിഷവും നിറച്ചാര്‍ത്തണിയിച്ചവരെ... ജീവിതം രാഗലോലമാക്കിയവരെ...

വൈകി വന്ന വസന്തമാണെങ്കിലും ഞാനിന്നു നീ ഓര്‍ക്കുന്നു...

ഒട്ടും നിനച്ചിരിക്കാതെയാണ് നീ വന്നെത്തിയത്. ചാറ്റിനുള്ള (chat) അനുമതി തേടിവന്ന നിന്നെ സ്വീകരിക്കും‌ബൊഴും ഇത്രയും നല്ലൊരു സുഹൃത്താവുമെന്നു കരുതിയില്ല. നിനക്കെന്റെ വാക്കുകളോടും എനിക്കു നിന്റെ ജോലിയോടും തോന്നിയ കൌതുകം സൌഹൃദത്തിനു വഴിമാറി. നീയെനിക്കു വേണ്ടി സൌഹൃദത്തിന്റെ ദീപങ്ങള്‍ തെളിയിച്ചു. എന്റെ സുഖവും ദു:ഖങ്ങളും നീ പങ്കുവെക്കുന്നു. വെറുമൊരു ഫോണ്‍ കോളിലൊ ആശംസാവാക്കുകളിലൊ ഒതുങ്ങാത്ത സൊഹൃദം... തിരക്കുകള്‍ക്കിടയിലും നീ ഈ സൌഹൃദത്തിനു വേണ്ടി സമയം കണ്ടെത്തുന്നു. ഓരുപാടൊന്നും അറിയില്ലെനിക്കു നിന്നെക്കുറിച്ച് എങ്കിലും നീ ജീവിതാന്ത്യം വരെ സുഹൃത്തായ് നീ‍ ഉണ്ടാകുമെന്നു ഞാന്‍ ആശിക്കുന്നു... നീ തിരികൊളുത്തിയ ഈ ദീപം ജ്വലിക്കട്ടെയെക്കാലവും... നിന്റെ സൌഹൃദം എക്കാലവുമെനിക്കു പ്രിയമുള്ളതാണ്...

അതുകൊണ്ടുതന്നെ ഇലകള്‍ പൊഴിക്കുന്ന മരത്തിന്റെ വിഹ്വലതകളും പേറി ഞാനും...
ഞാനാകും മരത്തിലെ അവസാനത്തെ ഇല... കൊടുംകാറ്റിലും, കോരിച്ചൊരിയുന്ന മഴയിലും പിന്നെ പുലര്‍‌മഞ്ഞിലും പൊഴിയാത്ത ഒരില... ഋതുക്കളോരോന്നും കടന്നുപോകും‌ബൊഴും പൊഴിയാത്ത ഒരില... ഈ മരത്തിലെ ഏറ്റവും ഒടുവിലത്തെ ഇല...

ഓര്‍ക്കുന്നു ഞാനിന്നു നിന്നെ... പൊഴിഞ്ഞുപോവരുതെന്റെ ജീവിതത്തില്‍ നിന്നും നീ...

ഇലകള്‍ പൊഴിയും പോലെ എന്നില്‍ നിന്നു നീയും പൊഴിഞ്ഞുപോകുമോ???


എന്നെന്നും സ്നേഹപൂര്‍വ്വം...
ചിന്നു



27 May, 2007

സൌഹൃദം...

കൈ കോര്‍ത്തേറെ ദൂരം ചെല്ലാം നമുക്കൊന്നായ്...
ഈ മരുഭൂമിയിലെന്നും മഴയായ് പെയ്യാം...
കുളിരേകും മഞ്ഞായ് പൊഴിയാം...
മനം കുളിര്‍ക്കാന്‍ മലരായ് വിരിയാം...
മധുനുകരാന്‍ പൂമ്പാറ്റകളാവാം...
മണമായ് പടരാം...
സാന്ത്വനമേകും കാറ്റായ് തലോടാം...
സുഖദു:ഖങ്ങളൊക്കെയും പങ്കുവെക്കാം...